►”അവന്റെ അമ്മയും സഹോദരരും അവനെ കാണാൻ വന്നു. എന്നാൽ, ജനക്കൂട്ടം നിമിത്തം അവന്റെ അടുത്ത് എത്താൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരരും നിന്നെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു എന്ന് അവർ അവനെ അറിയിച്ചു. അവൻ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും.” (ലൂക്കാ 8:19-21)
വിചിന്തനം
“മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല” (ഉൽപത്തി 2:18) എന്ന വാക്കുകളോടെയാണ് ദൈവം ആദിയിൽ ആദത്തിനു തുണയായി ഹവ്വയെ സൃഷ്ടിച്ചത്. ഇന്ന്, മാതാപിതാക്കന്മാരിലൂടെയും ബന്ധുമിത്രാദികളിലൂടെയും പടർന്നു പന്തലിച്ച ഒരു വൻവൃക്ഷമാണ് മനുഷ്യബന്ധങ്ങൾ. ഈ ബന്ധങ്ങളെ ദൈവം എത്രമാത്രം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്നതിന്റെ മകുടോടാഹരണമാണ് ഈശോയുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും. പ്രായപൂർത്തിയായ ഒരു വ്യക്തിയായല്ല ദൈവം മനുഷ്യനായി രൂപമെടുത്തത്. മറ്റേതൊരു മനുഷ്യനെയുംപോലെ ഒരു സ്ത്രീയുടെ ഉദരത്തിൽ ശിശുവായി രൂപമെടുത്ത്, മനുഷ്യബന്ധങ്ങളുടെ തീവ്രതയും ഊഷ്മളതയും വാത്സല്യവും പിരിമുറുക്കങ്ങളും ഒക്കെ അനുഭവിച്ചാണ് ഈശോ വളർന്നത്. ഈശോയുടെ വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം അലങ്കരിച്ചിരുന്നത് അവിടുത്തെ അമ്മയാണെന്ന് നിസ്സംശയം പറയാൻ സാധിക്കും. കുരിശിൽ പിടഞ്ഞു മരിക്കുന്പോഴും ഈശോ തന്റെ അമ്മയുടെ കാര്യത്തിൽ കാണിച്ച കരുതൽ ആ സ്നേഹത്തിന്റെ ഉദാഹരണമായി എടുത്തുപറയുവാൻ സാധിക്കും.► “അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.” യോഹ 19:27. താന്‍ സ്‌നേഹിച്ച ശിഷ്യനോട് അവസാനം ആയി പറഞ്ഞ വയ്ക്കുകള്‍. ആ ശിക്ഷ്യനോട് പറഞ്ഞു എന്നാണ് തിരുവെഴുത്ത് ,യോഹന്നാന്‍ എന്നാ വ്യക്തിയോട് എന്നല്ല അതായത് യേശുവിന്റെ കുരിശിന്‍ ചുവട്ടില്‍ എത്തുന്ന ശിക്ഷ്യര്‍ക്കു അഥവാ ക്രിസ്ത്യാനി കളായ ഓരോ മനുഷ്യരോടും ആണ് അത് പറഞ്ഞത് . സുവിശേഷ കാലഘട്ടത്തില്‍ യേശു പറഞ്ഞതും പ്രവര്‍ത്തിച്ചതും ആ നാളുകളില്‍ ജീവിച്ചവര്‍ക്കുവേണ്ടി മാത്രമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇന്നത്തെ സുവിശേഷ പ്രസംഗങ്ങള്‍ അനാവശ്യമാണെന്നു കരുതേണ്ടിവരും! ഈ സത്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ചിന്തിക്കുമ്പോള്‍, “ഇതാ നിന്റെ അമ്മ” എന്ന് യോഹന്നാനോടു പറയുന്ന യേശുവിന്‍റെ വാക്കുകളെ അനന്തതയില്‍പോലും നിലനില്‍ക്കുന്ന വചനമായി കരുതണം. കാരണം, ‘ ആകാശവും ഭൂമിയും കടന്നുപോയാലും കര്‍ത്താവിന്‍റെ വചനം നിലനില്‍ക്കും’. ഈ സത്യത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന സഭകളെ വിമര്‍ശിക്കുന്നതിനുമുന്‍പ് വചനത്തിന്‍റെ സത്യങ്ങള്‍ പഠിക്കുകയല്ലാതെ മറ്റുവഴികള്‍ ഒന്നുമില്ല. കേള്‍ക്കുന്ന പ്രസംഗങ്ങളെ മാത്രം പരിഗണിക്കാതെ വചനം വായിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും തയ്യാറാകുക! സ്വര്‍ഗ്ഗത്തില്‍ എത്തുന്നവര്‍ക്കെല്ലാം അവിടെ മറിയം മാത്രമായിരിക്കും അമ്മ! യേശുവിന്‍റെ വാക്കുകള്‍ അനന്തതയിലും നിലനില്‍ക്കുന്നതാണ്.
ഈ(ലൂക്കാ 8:19-21) വചനഭാഗത്തെ യുക്തിയുടെ കണ്ണുകളിൽകൂടി വീക്ഷിച്ചാൽ, തന്നെ കാണാൻ വന്ന അമ്മയെയും ബന്ധുക്കളെയും ഈശോ അവഗണിക്കുകയാണോ ചെയ്തതെന്ന സംശയം ഉയർന്നുവന്നേക്കാം. എന്നാൽ യേശുവിന്റെ സ്നേഹം ഏറ്റവും അടുത്തുനിന്ന് അനുഭവിച്ചറിഞ്ഞ പരിശുദ്ധ ആമ്മയ്ക്ക് ആ വാക്കുകൾ ഒരിക്കലും തിരസ്കരണത്തിന്റേതായി തോന്നിയിട്ടുണ്ടാവില്ല. മറിച്ച്, യേശു തന്റെ വാക്കുകളിൽ അമ്മയെക്കുറിച്ച് ഒളിപ്പിച്ചു വച്ചിരുന്ന പ്രശംസ വ്യക്തമായി മനസ്സിലായിട്ടുണ്ടാവും താനും. ഈശോ മറിയത്തെ ഏറ്റവും അധികം സ്നേഹിച്ചിരുന്നത് കന്യാമറിയം തന്റെ അമ്മ ആയതുകൊണ്ടാണെന്നു പലപ്പോഴും നമുക്ക് തോന്നാം. എന്നാൽ പ്രകൃതിക്കനുസൃതമായ ആ ബന്ധത്തെക്കാളുപരിയായി, പരിശുദ്ധ അമ്മയെ ഈശോയ്ക്ക് ഏറ്റവും പ്രിയങ്കരിയാക്കിയത് ആ അമ്മയുടെ ജീവിതം തന്നെയാണ്. വചനം മാംസമായി തന്റെ ഉദരത്തിൽ സംജാതമാകും എന്ന ദൈവീക സദ്വാർത്ത വിശ്വാസത്തോടെ ഹൃദയത്തിൽ സ്വീകരിക്കുകയും, ദൈവഹിതമറിഞ്ഞു അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു എന്നതാണ് കന്യാമറിയത്തെ ദൈവമാതാവാക്കി മാറ്റിയ സവിശേഷ പുണ്യം. യേശു തന്റെ പരസ്യജീവിതം തുടങ്ങിയതിനുശേഷം വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ അമ്മ ജനങ്ങളുടെ മുൻപിൽ എത്തുന്നുള്ളൂ. വളരെ വിരളമായി ലഭിച്ച ഒരവസരം ഉപയോഗിച്ച് അവിടെ കൂടിയിരുന്ന ജനങ്ങളോട് തന്റെ അമ്മയുടെ ഗുണഗണങ്ങൾ വർണ്ണിക്കുകയാണ് ഈശോ. ഒപ്പം പരിശുദ്ധ അമ്മയെപ്പോലെ അവിടെക്കൂടിയിരിക്കുന്ന എല്ലാവർക്കും എങ്ങിനെ ദൈവത്തിന്റെ ബന്ധുവാകാൻ സാധിക്കും എന്ന് വെളിപ്പെടുത്തി കൊടുക്കുകയുമാണ്. കാനായിലെ കല്യാണത്തിലും യേശു അമ്മയ്ക്ക് കൊടുക്കുന്ന പ്രത്യക പ്രാധാന്യം കാണാം. കാനായില്‍വച്ച് “സ്ത്രീയേ, എനിക്കും നിനക്കും എന്ത്?” എന്ന് ചോദിച്ചതിന്റെ അര്‍ത്ഥം വ്യക്തമാണ്.”ഞാനും നീയും ഒന്ന്.നാ൦ ഇവരില്‍നിന്നും വേറിട്ട് നില്‍ക്കുന്നവര്‍.,. നമ്മുടെ ലക്ഷ്യവും ഒന്ന്. നമ്മുടെ രാജ്യം ഐഹികമല്ല. പിന്നെ നാമെന്തിനു ഇഹലോക കാര്യങ്ങളില്‍ വ്യഗ്രരാകുന്നു. മാതാവിന്റെ പ്രാധാന്യം ആണ് എടുത്തു കാട്ടുന്നത്.ഹെസക്കിയ രാജാവിനുവേണ്ടി ഏശയ്യാപ്രവാചകന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോള്‍ ആഹാസിന്‍റെ സൂര്യഘടികാരത്തില്‍ നിഴലിനെ പത്തടി പിന്നിലേക്കു ചലിപ്പിച്ചു. വിശുദ്ധരുടെ പ്രാര്‍ത്ഥനകളിലൂടെ നിലവിലുള്ള സംവീധാനങ്ങളെപോലും മാറ്റിമറിക്കാന്‍ ദൈവം തയ്യാറാകുമെന്ന് വചനത്തിലൂടെ നമുക്കറിയാം .(2 രാജാക്കന്മാര്‍ :20;11) ഇതിലും അല്‍പ്പംകൂടി ശ്രേഷ്ഠമായ ഒരു പ്രവര്‍ത്തി കന്യകാമറിയത്തിന്‍റെ ആവശ്യപ്രകാരം യേശു പ്രവര്‍ത്തിക്കുന്നതായി സുവിശേഷത്തില്‍ കാണാം . കാനായിലെ വിവാഹ വിരുന്നില്‍ യേശു അദ്ഭുതം പ്രവര്‍ത്തിക്കുന്നത് സമയത്തെ പിന്നോട്ട് ചലിപ്പിച്ചുകൊണ്ടാണ്. തന്‍റെ സമയം ഇനിയും ആയിട്ടില്ല എന്ന് പറഞ്ഞ കര്‍ത്താവുതന്നെ വെള്ളം വീഞ്ഞാക്കി അദ്ഭുതങ്ങളുടെ ആരംഭം കുറിക്കുന്നു.(യോഹ:2;1-11) ദൈവപുത്രനായ യേശുവിന് വീഞ്ഞുതീര്ന്നു പോകുമെന്ന് മുന്‍കൂട്ടി അറിയില്ലായെന്നോ?.യേശു തന്റെ മാതാവിന്റെ പ്രാധാന്യം മറ്റുള്ളവരെയും ലോകത്തിനും കാട്ടികൊടുക്കുവാന്‍ വേണ്ടി ആണു അത്ഭുതം പ്രവര്ത്തി്ക്കാന്‍ അമ്മ പറയുന്നത് വരേ കാത്തിരുന്നത്. യേശു തന്‍റെ അത്ഭുത പ്രവര്‍ത്തികളുടെ ആരംഭം കുറിച്ചത്തന്നെ അമ്മയുടെ മദ്ധ്യസ്ഥപ്രാര്‍ഥനയുടെ ഫലമായിട്ടായിരുന്നു.
എല്ലായിപ്പോളും അമ്മയെ നമളുടെ ജീവിതത്തിലേക്കു വിളിക്കുക അപ്പോള്‍ അമ്മ നമുക്കായി, കാനായിലെ വിവാഹവിരുന്നില്‍ ചെയ്‌തതുപോലെ അമ്മയുടെ മാദ്ധ്യസ്ഥ പ്രാര്‍ത്ഥന യാല്‍ ഈശോ അത്ഭുധങ്ങള്‍ ചെയ്‌തു തരും,അതുപോലെ സംഭവിക്കാന്‍ സാധൃത ഉള്ള പല അത്യാഹിതങ്ങളില്‍ അത് സംഭവിക്കുന്നതിനു മുന്പ് തന്നെ കുടുംബങ്ങളെ സംരക്ഷികും .അമ്മ ചോദിക്കുന്നതൊന്നും യേശു കൊടുക്കാതിരിക്കില്ല.
“ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കല്പനകൾ പാലിക്കുക; മനുഷ്യന്റെ മുഴുവൻ കർത്തവ്യവും ഇതുതന്നെ” (സഭാപ്രസംഗകൻ 12:13). ദൈവത്തോടുള്ള ഭയവും ഭക്തിയും ആണ് ഒരാളെ ദൈവവചനം ഗ്രഹിക്കുവാനും അതനുസരിച്ച് ജീവിതത്തിൽ ആവശ്യമായ വ്യതിയാനങ്ങൾ വരുത്താനും പ്രാപ്തനാക്കുന്നത്. പലപ്പോഴും ബന്ധങ്ങൾക്ക് മുൻഗണന നൽകി ദൈവത്തെ മാറ്റിനിർത്തുന്നവരാണ് നാമൊക്കെ. ഉറ്റവർക്കും ഉടയവർക്കും വേണ്ടി പകലന്തിയോളം അദ്ധ്വാനിക്കുകയും അവരോടുള്ള സ്നേഹത്താലും ചിന്തകളാലും മനസ്സു നിറയ്ക്കുകയും ചെയ്യുന്ന നമ്മൾ, ദൈവത്തിനു നമ്മുടെ ജീവിതത്തിൽ എല്ലാറ്റിനും ഉപരിയായ സ്ഥാനം നൽകണം എന്ന പരമപ്രധാനമായ കല്പന മറക്കുന്നു. ദൈവസ്നേഹത്തിലാണ് എല്ലാ മനുഷ്യബന്ധങ്ങളുടെയും അടിസ്ഥാനം; മനുഷ്യബന്ധങ്ങളിൽനിന്നും ദൈവസ്നേഹം എടുത്തുമാറ്റിയാൽ പിന്നീട് അവശേഷിക്കുന്നത് സ്വാർത്ഥതയും ജഡികാസക്തികളും മാത്രമാണ്. ദൈവവചനം ശ്രദ്ധാപൂർവം ശ്രവിച്ച്, അതനുസരിച്ചു ജീവിച്ച്, ദൈവത്തിന്റെ ബന്ധുക്കളാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.